പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

പ്രാരംഭം: മനുഷ്യൻ എല്ലായ്പോഴും വിനോദോന്മുഖനാണു്. ജീവിതത്തിൻ്റെ ഏതു ഘട്ടത്തിലും വിനോദരസത്തിൻ്റെ അപരിഹാര്യമായ പ്രേരണ അവനിൽ വന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യമനസ്സിൻ്റെ വളർച്ചയും സംസ്കാരവും അനുസരിച്ച് അതിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നു മാത്രമേയുള്ളു. ജീവിതസുഖത്തെ വർദ്ധിപ്പിക്കുന്നതിനും ഇത്തരം ഹാസ്യം അത്യന്താപേക്ഷിതമാണു്. അതുപോലെതന്നെ, ഓരോ സാഹിത്യകാരനും സാഹിത്യലോകത്തിലുള്ള താന്താങ്ങളുടെ നിലയെ ശരിയായി ഗ്രഹിച്ചു് പ്രവർത്തിക്കുന്നതിനും, ഇത്തരം ഹാസ്യാനുകരണങ്ങളും ഹാസ്യകവിതകളും വളരെ പ്രയോജനപ്പെടുന്നു.

“ഇപ്രകാരം നോക്കുന്നതായാൽ, ഈ രസത്തിൻ്റെ പ്രവർത്തനം, സ്വന്തദൂഷ്യങ്ങളേയും ശക്തിപരിധികളേയും നമ്മെ ചൂണ്ടിക്കാണിച്ചു മനസ്സിലാക്കി, സാദ്ധ്യമെങ്കിൽ അവയെ വിജയാശയോടെ എതിരിടാനും, അല്ലെങ്കിൽ തൃപ്തിയോടെ സഹിപ്പാനും നമുക്കവസരമുണ്ടാക്കിത്തരുന്നു. അതുകൊണ്ടു വ്യക്തിവിദ്വേഷം കൂടാതെയും അന്യനു മനഃശല്യം ഉണ്ടാകാതെയും വിനോദരസം സ്വച്ഛന്ദം പ്രവർത്തിക്കയാണെങ്കിൽ സാമൂഹ്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വർദ്ധിപ്പിക്കുന്നതിനും, വിജ്ഞാനാന്വേഷണത്തിനു് അത്യാവശ്യമായ വിനീതമനസ്ഥിതിയെ സൃഷ്ടിക്കുന്നതിനു് അതു പ്രയോജകീഭവിക്കുമെന്നു നിസ്സംശയം അഭിപ്രായപ്പെടാം.”