പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കലാരൂപമുണ്ടങ്കിൽ അതു് സംഗീതമാണു്. ‘പശുവും ശിശുവും പാമ്പും പാട്ടിൻഗുണമറിഞ്ഞിടും’ എന്ന പഴയ ചൊല്ല് പ്രസിദ്ധവുമാണു്. മനുഷ്യർ മാത്രമല്ല, പക്ഷിമൃഗാദി ജീവികൾകൂടി സംഗീതത്തിൻ്റെ ആകർഷണ വീചിയിൽ ബന്ധിക്കപ്പെടുമെന്നു് ഇതിൽനിന്നു വ്യക്തമാകുന്നു. ശ്രീകൃഷ്ണൻ്റെ മുരളീഗീതം ജീവജാലങ്ങളെ മുഴുവൻ ആകർഷിച്ചുകൊണ്ടിരുന്നതായി നാമറിയുന്നുണ്ട്. ജീവജാലങ്ങളിൽ വച്ചു് ഉൽകൃഷ്ട സൃഷ്ടിയായ മനുഷ്യനിൽ അതിൻ്റെ പ്രതിഫലനം അതിപ്രവൃദ്ധമായിത്തീരുക സ്വാഭാവികവുമാകുന്നു.

പൂർവ്വാർജ്ജിതമായ സംസ്കാരവിശേഷത്തോടുകൂടിയ ഒന്നത്രെ മനുഷ്യഹൃദയം. അതിൻ്റെ അടിത്തട്ടിൽ സംസ്കാര പ്രകാശകങ്ങളായ രസഭാവാദികൾ അമർന്നുകിടക്കുന്നു. ഏതെങ്കിലും ഒരു നാദമോ ഗീതമോ ഉള്ളിൽ കടന്നുചെല്ലുമ്പോൾ അവിടെ നിദ്രപൂണ്ടുകിടക്കുന്ന രസഭാവാദികൾ സ്വയം ഉണരുകയായി. ഉണരുക മാത്രമല്ല, അതതു ഭാവരസങ്ങൾക്കനുസൃതമായി അവ പ്രവർത്ത്യുന്മുഖയായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെ ഉപബോധമനസ്സിൽ അമർന്നുകിടക്കുന്ന ലോലലോലങ്ങളായ രസഭാവങ്ങളെ തട്ടിയുണർത്തുവാനും വേണ്ടിവന്നാൽ അവയെ കൊടുങ്കാറ്റായി ഇളക്കിവിടുവാനും പോരുന്ന അദൃശ്യവും അധൃഷ്യവുമായ ഒരു വശ്യശക്തി സംഗീതത്തിൽ ലീനമായിട്ടുണ്ട്. ഭാഷകൾക്കതീതമായി നിലകൊള്ളുന്ന ആ കലയുടെ ആസ്വാദനശക്തി ദേശകലാതീതവുമാണു്. ‘സംഗീതം കേട്ടാൽ മനസ്സിളകാത്തവരെ ഭയപ്പെടണം’ എന്നു് ഷേക്സപിയർ പ്രസ്താവിച്ചിട്ടുള്ളതും ഈ ലളിതകലയുടെ മഹനീയതയെ വിളംബരം ചെയ്യുന്നു.