രണ്ടു സുപ്രസിദ്ധ ഗാനങ്ങൾ
നവഭാരതത്തിൻ്റെ അഭിമാനസ്തംഭമായി, നോബൽസമ്മാനത്താൽ ഭുവനവിദിതനായി പ്രശോഭിക്കുന്ന വിശ്വമഹാകവി രവീന്ദ്രനാഥ ടാഗാറിൻ്റെ സുവിദിതമായ രണ്ടു ഗാനങ്ങൾ ഈ അനുബന്ധത്തിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുകയാണു്. ഭാരതീയർക്കാകമാനം അഭികാമ്യവും അഭിമാനകരവുമായ ആ ഗാനങ്ങൾ നമ്മുടെ തലമുറ എന്നുമെന്നും ഉരുവിട്ടുകൊണ്ടിരിക്കേണ്ട ഒന്നാണന്നുള്ള ബോദ്ധ്യത്താലാണു പദ്യസാഹിത്യ ചരിത്രത്തിൻ്റെ അവസാനത്തിൽ അവ പ്രത്യേകം എടുത്തുചേർക്കുവാൻ ഈ ഗ്രന്ഥകാരൻ ആഗ്രഹിക്കുന്നതു്.
രവീന്ദ്രനാഥടാഗോറിൻ്റെ ഇംഗ്ലീഷ് ഗീതാഞ്ജലിയാണല്ലൊ അദ്ദേഹത്തെ നോബൽ സമ്മാനത്തിന് അർഹനാക്കിത്തീർത്തതും, വിശ്വമഹാകവിയായി ഉയർത്തിയതും. ഭഗവൽ ഭക്തിപ്രധാനമായ പ്രസ്തുത കാവ്യത്തിൽ നൂറ്റിമൂന്നു ഗാനങ്ങൾ അടങ്ങിയിരിക്കുന്നു. മഹാകവി ടാഗോർ ബംഗാളി ഭാഷയിൽ പ്രസിദ്ധപ്പെട്ടുത്തിയിട്ടുള്ള ഗാന പ്രധാനമായ ഗീതാഞ്ജലിയിലെ 51 ഗീതങ്ങളുടേയും മഹാകവിയുടെ പ്രതിഭാ-പ്രധാന-പ്രകാശകങ്ങളായ നൈവേദ്യ’, ‘ഖേയാ’ എന്നീ കൃതികളിലെ 52 ഗീതങ്ങളുടേയും വിവർത്തനങ്ങളാണവ. പ്രസ്തുത ഗീതാഞ്ജലിയിൽനിന്നു സുപ്രസിദ്ധങ്ങളും ഹൃദയഹാരികളുമായ രണ്ടു ഗീതങ്ങൾ – മഹാകവി നൈവേദ്യയിൽനിന്നു് ഇംഗ്ലീഷ് ഗീതാഞ്ജലിയിലേക്കു ഭാഷാന്തരപ്പെടുത്തിയിട്ടുള്ളതാണവ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ-