പ്രസ്താവന

പ്രസ്താവന

ഭാഷാഗദ്യസാഹിത്യചരിത്രത്തിൻ്റെ പരിഹരിച്ചു വിപുലപ്പെടുത്തിയ പുതിയ പതിപ്പാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്നതു്. ആദ്യത്തെ പതിപ്പിൽ വന്നുകൂടിയ ചില തെറ്റുകൾ തിരുത്തുന്നതിനും, കൂടുതൽ പല കാര്യങ്ങളും കൂട്ടിച്ചേക്കുന്നതിനും ഈ പുതിയ പതിപ്പിൽ സാധിച്ചിട്ടുണ്ട്. ഒന്നാം പതിപ്പ് പ്രസിദ്ധപ്പെടുത്തിയ അവസരത്തിൽ, നിഗ്രഹാനുഗ്രഹ ശക്തന്മാരായ പല നിരൂപകന്മാരും ഒളിഞ്ഞും തെളിഞ്ഞും പത്രമാസികകളിൽ പലനിരൂപണങ്ങളും പ്രകാശിപ്പിച്ചിരുന്നു. അധികവും നിഗ്രഹ രൂപത്തിലുള്ളവയായിരുന്നുവെന്നും പറയേണ്ടതുണ്ട്. വിമർശകന്മാരുടെ വീക്ഷണഗതിയെ ആശ്രയിച്ചിരിക്കുമല്ലൊ, വീക്ഷിക്കപ്പെടുന്നവയുടെ സുകൃത ദുഷ്കൃതങ്ങളും. ആ വസ്തുത എങ്ങനെയുമിരുന്നുകൊള്ളട്ടെ. മേല്പറഞ്ഞ വിമശനങ്ങൾ ഓരോന്നും അർഹിക്കുന്ന ആദരവോടുകൂടിത്തന്നെ ഗ്രന്ഥകാരൻ സ്വീകരിച്ചിട്ടുണ്ടെന്നുള്ള പരമാർത്ഥം ഇവിടെ വെളിപ്പെടുത്തിക്കൊള്ളുന്നു. പുതിയ പതിപ്പിൻ്റെ പരിഷ്ക്കരണത്തിൽ അവയിൽ ചിലതെല്ലാം സഹായകരമായിത്തിർന്നിട്ടുമുണ്ടു്. അതിനാൽ മുൻപറ‌ഞ്ഞ എല്ലാ വിമർശകന്മാരുടെ നേരെയും ഈ എഴുത്തുകാരൻ കൃതജ്ഞനാണെന്നുള്ള വസ്തുത ഇവിടെ ആദ്യമായിത്തന്നെ പ്രകാശിപ്പിച്ചു കൊള്ളുന്നു.

പ്രസ്ഥാനരൂപത്തിലുള്ള ഒരു സാഹിത്യചരിത്രഗ്രന്ഥമാണിത്. ഏതാണ്ടു മൂന്നു പതിററാണ്ടുകൾക്കുമുമ്പു് ഈ ഗ്രന്ഥ കാരൻ്റെ ‘പദ്യസാഹിത്യചരിത്രം’ പ്രസിദ്ധപ്പെടുത്തിയ ഘട്ടത്തിൽ, ഗദ്യപ്രസ്ഥാനങ്ങളെ സംബന്ധിച്ചും അത്തരത്തിൽ ഒരു ഗ്രന്ഥംകൂടി പുറപ്പെടുവിക്കണമെന്ന് ആഗ്രഹിക്കാതിരു ന്നില്ല. പക്ഷേ, അതു് ഈയ്യുള്ളവനെ സംബന്ധിച്ചിടത്തോളം അതിരുകടന്ന ഒരു നിനവായിരുന്നതിനാൽ തൽക്കാലം വെളിയിൽ പ്രകാശിപ്പിക്കാൻ മുതിർന്നില്ലെന്നേയുള്ളൂ. അങ്ങനെയുള്ള ഒരു ഘട്ടത്തിലാണ് മേല്പറഞ്ഞ പദ്യസാഹിത്യചരിത്രത്തിന് അവതാരികയെഴുതിയ കൊച്ചി കേരളവർമ്മ അമ്മാമൻ തമ്പുരാനവർകൾ ഈ വിഷയത്തിൽ ഗ്രന്ഥകാരനെ പ്രത്യേകം ഉപദേശിക്കയും ഉത്സാഹിപ്പിക്കയും ചെയ്തതു്. തത്സം ബന്ധമായി ഒന്നാം പതിപ്പിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ കൂടുതലായൊന്നും ഇവിടെ കുറിക്കുന്നില്ല.

1940 ഡിസംബറിൽ പാലക്കാട്ടുവച്ചു കൊണ്ടാടിയ ‘സമസ്തകേരള സാഹിത്യപരിഷത്തി’ൻ്റെ ഒന്നാം ദിവസത്തെ സമ്മേളനത്തിൽ ഈ ലേഖകൻ ചെയ്ത പ്രസംഗം, ഗദ്യസാഹിത്യചരിത്രത്തിൻറെ ഒരു പ്രാരംഭരൂപമായിട്ടാണു് അന്നു സങ്കല്പിക്കയുണ്ടായതു്. (ഒരു പ്രസംഗകനെന്ന നിലയിൽ ഈ എഴുത്തുകാരൻ ആദ്യമായും അവസാനമായും പരിഷത്സമ്മേളനത്തിൻ്റെ ആ ഒരൊറ്റ യോഗത്തിൽ മാത്രമേ സംബന്ധിക്കയുണ്ടായിട്ടുള്ളൂ എന്ന വസ്തുത കൂടി ഈയവസരത്തിൽ വെളിപ്പെടുത്തിക്കൊള്ളട്ടെ.) പ്രസ്തുത പ്രസംഗം ആയിടയ്ക്കു, തന്നെ തൃശ്ശൂർനിന്നും പുറപ്പെട്ടുകൊണ്ടിരുന്ന ‘കൈരളി’യിൽ അതിന്റെ പത്രാധിപർ പ്രത്യേകം പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീടതു ശ്രദ്ധാപൂർവ്വം ഒന്നുകൂടി അപഗ്രഥിച്ചും കൂടുതൽ ചില വിഷയങ്ങൾകൂടി ഉൾപ്പെടുത്തി വിശകലനം ചെയ്തും ക്രമപ്പെടുത്തി ഗ്രന്ഥരൂപത്തിൽ എഴുതിയതാണു് ഇതിൻറ ഒന്നാം പതിപ്പ് എന്നു പറഞ്ഞാൽ അതു്, ഈ ഭാഷാഗദ്യ സാഹിത്യചരിത്രത്തിൻ്റെ സംക്ഷിപ്തരൂപമായ ഒരു ഉൽപത്തി ചരിതമായിരിക്കും.

പലപല കാലങ്ങളിലായി കേരളീയകലാകാരന്മാർ നേടിവച്ച സമ്പത്തുകൾ ഏതെല്ലാമെന്നും എത്രത്തോളമെന്നും അറിഞ്ഞിരുന്നാൽ മാത്രമേ ഒരു സാഹിത്യപഠിതാവിനു് ആ സാഹിത്യത്തിൻ്റെ ഈടുവെയ്പിൽ കടന്നുചെന്ന് ആവശ്യമുള്ളവ സംഭരിക്കാൻ സാധിക്കയുള്ളു. ഗദ്യസാഹിത്യചരിത്രം അതിനൊരു മാർഗ്ഗദശകമായിത്തീരണമെന്നു് ഗ്രന്ഥകാരൻ ഉദ്ദേശിച്ചിട്ടുണ്ടു്. അതിനാൽ മിക്കവാറും വിമശനരൂപത്തിൽത്തന്നെ വിഹരിച്ചുകൊണ്ടുള്ള ഒരു ചരിത്രനിർമ്മാണത്തിനല്ല ഇവിടെ ഉദ്യമിച്ചിട്ടുള്ളതു്. മലയാളഭാഷയിലെ ഗദ്യത്തിൻ്റെ ഉൽപത്തിമുതൽ, ഏറ്റവും ആധുനികഘട്ടംവരെയുള്ള ഗദ്യസാഹിത്യത്തിൻ്റെ നിരൂപണപരമായും ചരിത്രപരമായുമുള്ള മൂല്യങ്ങൾക്ക് ഏതാണ്ടു തുല്യപ്രാധാന്യം കല്പിച്ചുകൊണ്ടുള്ള ഒരു ഗ്രന്ഥ നിർമ്മിതിക്കാണു് ഇവിടെ ശ്രമിച്ചിട്ടുള്ളതു്. മലയാള ഗദ്യത്തിന്റെ വളർച്ചയെപ്പറ്റി പ്രതിപാദിച്ചു തുടങ്ങുന്നതു മുതൽ അഥവാ കേരളവർമ്മക്കാലം മുതൽ പ്രസ്ഥാനചരിതത്തിലേക്കു പ്രവേശിക്കുകയായി. അതിൽ ഓരോ പ്രസ്ഥാനത്തിലും തലയെടുപ്പുള്ള ഗ്രന്ഥകാരന്മാരുടെ പ്രധാനകൃതികളുടെ വൈജ്ഞാനികമൂല്യത്തെ സംബന്ധിച്ച് ഏറ്റവും ചുരുങ്ങിയ രൂപത്തിലുള്ള വിമർശനാത്മകമായ വിവരണങ്ങൾ ഉള്ളടക്കിയിരിക്കുന്നു. അതോടൊപ്പം സാധാരണക്കാരുടെ ശ്രദ്ധയിൽപ്പെട്ടുകഴിഞ്ഞിട്ടുള്ള മറ്റനേകം കൃതികളുടെ സാമാന്യസ്വഭാവവും വ്യക്തമാക്കാൻ ശ്രമിക്കാതിരുന്നിട്ടില്ല. ഈ അംശം പൊതുവെ ഗ്രന്ഥകാരന്മാക്കു പ്രോത്സാഹജനകമാകുന്നതോടൊപ്പം, വായനക്കാരുടെ വിവേചനത്തിനു സഹായമാവുകയും ചെയ്യുമല്ലൊ. എന്നാൽ ഭാവിയിൽ വിസ്‌മൃതങ്ങളായിത്തീർന്നേക്കാവുന്ന കൃതികളെ പരിഗണിക്കുന്നതിൽ പ്രത്യേകം ശ്രദ്ധചെലുത്താതെയുമിരുന്നിട്ടില്ല. ചുരുക്കത്തിൽ, മലയാള ഭാഷയിലെ ഗദ്യകൃതികളുടെ ആകത്തുകയാണ് ഇതിൽ ഉള്ളടക്കിയിട്ടുള്ളതെന്നു സാമാന്യമായി പറയാം. നമ്മുടെ ഭാഷാസാഹിത്യത്തിലെ ഗദ്യസമ്പത്തിനെപ്പറ്റി സാമാന്യമായ ഒരു ജ്ഞാനം എളുപ്പത്തിൽ നേടുവാൻ ഈ ഗ്രന്ഥം സർവ്വപ്രകാരേണയും സഹായകമായിത്തീരുമെന്നുതന്നെ ഗ്രന്ഥകാരൻ വിശ്വസിക്കുന്നു.

ജീവൽസാഹിത്യകാരന്മാരെസ്സംബന്ധിച്ചുള്ള പ്രസ്താവങ്ങളിൽ അഭിപ്രായഭേദങ്ങൾ പലതുമുണ്ടാകാം. കാരണം, അവർ ജീവിച്ചിരിക്കുന്നവരാണെന്നുള്ളതുതന്നെ. അവരുടെ കൃതികളെപ്പറ്റി നിരൂപണം ചെയ്യുവാനോ, വിധിനിർണ്ണയം ചെയ്യുവാനോ ഇനിയും കാലമായിട്ടില്ല. ഇപ്പോൾ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളിൽ, മാറ്റങ്ങൾ പലതും നാളെ ആവശ്യമായി തോന്നാവുന്നതുമാണു്. ‘ശക്തിന്നിപുണതാ’ദികളെക്കാൾ പലതരം സ്വാധീനശക്തികളുടേയോ, പ്രചാരണമാറ്റങ്ങളുടേയോ പ്രേരണാഫലമായി ചിലർ പ്രശസ്തി പർവ്വതത്തി ൻെറ കൊടുമുടിയിൽ കയറിയെന്നു വരാം. മേല്പറഞ്ഞവയുടെ അഭാവത്താൽ മറുചിലർ അതിൻെറ താഴ്‌വരയിൽത്തന്നെ നിലകൊള്ളുന്നവരായും വന്നേക്കാം. വേറെ ചിലർ അതിൻെറ ഗുഹകളിലോ മൂടൽ മഞ്ഞിൽത്തന്നെയോ മറഞ്ഞവരായിത്തീർന്നുവെന്നും വരാം. ഓരോ പ്രസ്ഥാനത്തിലും പ്രാതിനിദ്ധ്യം കിട്ടേണ്ട എഴുത്തുകാരിൽ ചിലർ മറ്റുപ്രകാരത്തിലും ചരിത്രകാരൻ്റെ ദൃഷ്ടിയിൽനിന്നു വഴുതിപ്പോകുവാൻ പാടില്ലായ്മയുമില്ല. ഈ ചുററുപാടുകളിൽ എല്ലാ എഴുത്തുകാരെയും യഥാർഹം അണിനിരത്തുവാനും, തൽഗ്രന്ഥങ്ങളുടെ യഥാർത്ഥ നില അതേപടി രേഖപ്പെടുത്തുവാനും ചരിത്രകാരനു പല വിധത്തിലും പ്രയാസം നേരിടുമെന്നുള്ളതു് അനുക്തസിദ്ധമാണു്. ഇതിനും പുറമേ, ഗ്രന്ഥകാരനു് അനവധാനതയോ ഓമ്മപ്പിശകോ ചിലതിൽ സംഭവിച്ചുവെന്നും വരം. വസ്തുകൾ ഇങ്ങനെയൊക്കെയാണെങ്കിലും, കഴിയുന്നത്ര അന്വേഷണശക്തിയെ ഊജ്ജിതപ്പെടുത്തിയും, ഉള്ളിൽനിന്നുള്ള പ്രേരണയെ മുൻനിറുത്തിയും നിഷ്പക്ഷമായും സത്യസന്ധമായും പ്രവർത്തിക്കുവാൻ ഗ്രന്ഥകാരൻ ഇതിൽ യത്നിച്ചിട്ടുണ്ടു്. എന്നാൽ ആ പ്രയത്നം എത്രകണ്ടു വിജയപഥത്തിൽ എത്തിച്ചേർന്നുവെന്നു നിണ്ണയിക്കേണ്ടതു സഹൃദയരായ വായനക്കാർ തന്നെയാണല്ലൊ.

ഈ ചരിത്രഗ്രന്ഥത്തിൻറെ നിർമ്മിതിയിൽ സ്വന്തമായിട്ടുള്ള ഒരു ഗ്രന്ഥശേഖരത്തിനു പുറമെ, എറണാകുളം, തൃശ്ശിവപേരൂർ, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലെ പല ഗ്രന്ഥശാലകളും, വിശേഷിച്ച് എറണാകുളത്തുള്ള ശ്രീ ഏ. ഡി. ഹരിശർമ്മ അവർകളുടെ ഗ്രന്ഥശേഖരവും, തിരുവനന്തപുര ത്തുള്ള ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാലയും, തൃശ്ശൂരുള്ള കേരളസാഹിത്യഅക്കാദമി ഗ്രന്ഥശാലയും ഈ ഗ്രന്ഥകാരനു കൂടുതൽ സഹായകമായിത്തീന്നിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടതുണ്ടു്. അതോടൊപ്പം തത്തൽപ്രദേശങ്ങളിലെ അനേകം പണ്ഡിതപ്രവരന്മാരുമായുള്ള സമ്പർക്കവും ഗ്രന്ഥകാരനു പല പ്രകാരത്തിലും ഉത്തേജകവും പ്രയോജനപ്രദവുമായിത്തീന്നിട്ടുണ്ടെന്നുള്ള യാഥാത്ഥ്യവും നന്ദിപൂർവ്വം ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.

ആദ്യപതിപ്പിനു് അവതാരിക എഴുതി ഗ്രന്ഥത്തേയും ഗ്രന്ഥകാരനേയും അനുഗ്രഹിച്ചിട്ടുള്ള സാഹിത്യകുശലൻ ഏ. ഡി. ഹരിശർമ്മാ അവർകളെ ഈയവസരത്തിലും ഗ്രന്ഥകാരൻ ആദരപൂർവ്വം അനുസ്മരിക്കുന്നു. പുതിയ പതിപ്പിൻ്റെ പ്രസിദ്ധീകരണത്തിനു ധനസഹായം നൽകി ഗ്രന്ഥകാരനെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ‘കേരളസാഹിത്യ അക്കാദമി’യുടെ നേരെ ഗ്രന്ഥകാരനുള്ള കൃതജ്ഞതയും, ബഹുമാനപുരസ്സരം ഇവിടെ പ്രകാശിപ്പിച്ചുകൊള്ളുന്നു.

കേരളത്തിലെ ഏററവും ഉന്നതമായ പ്രസിദ്ധീകരണ കേന്ദ്രമാണു് കോട്ടയത്തെ ‘സാഹിത്യപ്രവത്തക സഹകരണ സംഘം.’ അതിൻ്റെ ഭാരവാഹികൾ ഈ ഗ്രന്ഥത്തിൻറ പ്രസാധന വിഷയത്തിൽ പ്രദശിപ്പിച്ചിട്ടുള്ള ആനുകൂല്യങ്ങൾക്കും സൗമനസ്യത്തിനും ഗ്രന്ഥകാരൻ അതീവ കൃതജ്ഞനാണെന്നുള്ള യാഥാത്ഥ്യം പ്രകാശിപ്പിക്കുവാൻ കൂടി ഈയവസരം വിനിയോഗിച്ചുകൊള്ളട്ടെ.

ഒന്നാം പതിപ്പിനു് ഭാഷാപ്രണയികളായ കേരളീയരിൽ നിന്നു സിദ്ധിച്ച ഹൃദ്യമായ സ്വീകരണം, പുതിയ പതിപ്പിനും ഉണ്ടാകുമെന്നുള്ള വിശ്വാസത്തോടും ഉണ്ടാകണമെന്നുള്ള അഭ്യത്ഥനയോടുംകൂടി ഈ പുതിയ പതിപ്പു് ഉദാരമതികളായ കേരളീയ സഹൃദയരുടെ മുമ്പിൽ സാദരം സമർപ്പിച്ചുകൊള്ളുന്നു.

സാഹിതീനിലയം

വരാപ്പുഴ
25-12-1964

ഗ്രന്ഥകാരൻ