കഥാപ്രബന്ധങ്ങൾ
നോവലുകൾ
പുരാണകഥകളും ആധുനികകഥകളും: ആംഗ്ലേയ സാഹിത്യത്തിൻ്റെ പരിണതഫലങ്ങളിൽ അതിപ്രധാനമായ ഒരു വിഭാഗമാണു്. ഭാഷയിൽ ഇന്നു കാണുന്ന കഥാപ്രബന്ധങ്ങൾ. നോവലുകൾ, ആഖ്യായികകൾ. ചെറുകഥകൾ എന്നു തുടങ്ങിയവയെല്ലാം ഈ ശാഖയിൽ ഉൾപ്പെടുന്നു. ഏകദേശം എഴുപതെഴുപത്തഞ്ചു വർഷങ്ങൾക്കപ്പുറമായിട്ടില്ല, കൈരളിയിൽ ഇത്തരം പ്രബന്ധങ്ങൾ ആവിർഭവിക്കുവാൻ തുടങ്ങിയിട്ട്. ആംഗ്ലേയസാഹിത്യപരിചയമാണ് ഇത്തരം കൃതികളുടെ ഉൽപത്തിക്കു കാരണമെന്നു സൂചിപ്പിച്ചുവല്ലോ. ഈ അവസരത്തിൽ ന്യായമായ ഒരു പൂർവ്വപക്ഷമുണ്ടാകാം. ഭാരതീയ സാഹിത്യത്തിൽ അതി പ്രാചീനകാലം മുതൽക്കേ അനവധി കഥാപ്രബന്ധങ്ങൾ ഉണ്ടായിരിക്കേ അവയെ അനുകരിച്ചാണു് മലയാളത്തിൽ ഈദൃശകൃതികൾ ഉത്ഭവിച്ചിട്ടുള്ളതെന്നു എന്തുകൊണ്ടു പറഞ്ഞുകൂടാ?
പ്രസ്തുത പ്രശ്നം അവസരോചിതവും ആദരണീയവുമാണു്. എന്തുകൊണ്ടെന്നാൽ, പുരാതന ഭാരതം വിശ്വവിഖ്യാതന്മാരായ കാഥികന്മാരെക്കൊണ്ടും വിശ്രുതങ്ങളായ കഥകളെക്കൊണ്ടും നിറഞ്ഞിരുന്ന ഒരു ഭൂവിഭാഗമായിരുന്നു. വ്യാസൻ്റെയും വാല്മീകിയുടേയും പുരാണങ്ങളും ഇതിഹാസങ്ങളും സുപ്രസിദ്ധങ്ങളാണല്ലോ. കരടകദമനകാദി തിയ്യ ജീവികളിൽ മനുഷ്യധർമ്മം ആരോപിച്ചു നിർമ്മിച്ചിട്ടുള്ള പഞ്ചതന്ത്ര കഥകൾ, ഹിതോപദേശകഥകൾ, വേതാളകഥകൾ, ബൃഹൽകഥകൾ എന്നുതുടങ്ങി ഭാവനാശക്തിയുടെ ഗാംഭീര്യത്തെ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്ന ഒട്ടേറെ കഥാപ്രബന്ധങ്ങൾ വേറെയും ഭാരതീയസാഹിത്യത്തിൽ നമുക്കു കാണുവാൻ കഴിയും. ഇത്രയേറെ കഥാപ്രബന്ധങ്ങൾ നിറഞ്ഞ സംസ്കൃത സാഹിത്യ പാരാവാരം നമ്മുടെ മുമ്പിൽ കിടക്കുമ്പോൾ, അറ്റ്ലാൻ്റിക് സമുദ്രംവഴി വന്നണഞ്ഞ ആംഗല സാഹിത്യം നമ്മുടെ ഇന്നത്തെ കഥാപ്രസ്ഥാനത്തിന് വഴിതെളിച്ചുവെന്നു പറയുന്നതു ശരിയായിരിക്കുമോ? പക്ഷേ, പരമാർത്ഥം സമ്മതിച്ചേ തീരൂ.