അനുബന്ധം. മഹാകവി കുഞ്ചൻ നമ്പ്യാർ

അനുബന്ധം

രാമപാണിവാദനും കുഞ്ചൻനമ്പ്യാരും

ചന്ദ്രികാവീഥി, ലീലാവതീവീഥി, മദനകേതുവചരിതം, സീതാരാഘവം എന്നു നാലു രൂപകങ്ങളും, വിഷ്ണു വിലാസം, രാഘവീയം എന്ന രണ്ടു മഹാകാവ്യങ്ങളും, മുകുന്ദശതകം, ശിവശതകം എന്ന രണ്ടു ഖണ്ഡകാവ്യങ്ങളും, ശ്രീകൃഷ്ണവിലാസത്തിനു ‘വിലാസിനി’ എന്നും, ധാതു കാവ്യത്തിനു ‘വിവരണം’ എന്നും പേരുള്ള രണ്ടു വ്യാഖ്യാനങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നു രണ്ടു ഛന്ദശ്ശാസ്ത്ര ഗ്രന്ഥങ്ങളും സംസ്കൃതഭാഷയിൽ നിർമ്മിച്ചിട്ടുള്ള ഒരു മഹാകവിയാണു രാമപാണിവാദൻ. പ്രസ്തുത രാമപാണിവാദനും തുള്ളൽക്കഥകളുടെ ജനയിതാവായ കുഞ്ചൻനമ്പ്യാരും ഒരാൾതന്നെയാണെന്ന് ഈ അടുത്തകാലത്ത് ഒരുവാദം ഉത്ഭവിച്ചിട്ടുണ്ടു്. ഈ നവീനാഭിപ്രായത്തിൻ്റെ അവതാരകനും, അതിന്റെ നേതാവും, ഗവേഷകമൂധന്യനായ മഹാകവി ഉള്ളൂർ പരമേശ്വരയ്യർ അവർകളത്രേ. ഉള്ളരിൻ്റെ അഭിപ്രായത്തോടു യോജിക്കാത്തവരായി സാഹിത്യലോകത്തിൽ ഇന്നു പലരുമുണ്ട്. “ഭാഷാകവിത” എന്ന ഗ്രന്ഥത്തിൽ ഈ എഴുത്തുകാരനും ഉളൂരിൻ്റെ അഭിപ്രായത്തോട് വിയോജിക്കയാണുണ്ടായിട്ടുള്ളതു്. എന്നാൽ പിന്നീടുള്ള പര്യാലോചനയുടെ ഫലമായി ഉള്ളൂരിൻ്റെ അഭിപ്രായത്തിനു കൂടുതൽ ശക്തിയും സാംഗത്യവും ഉള്ളതായിതോന്നുന്നതുകൊണ്ടാണ് ഈ അനുബന്ധം ഇവിടെ ചേർക്കുവാൻ സംഗതിയായതു്.