ഉപസംഹാരം. മഹാകവി കുഞ്ചൻ നമ്പ്യാർ

ഉപസംഹാരം

“ദ്രാവിഡഹിമഗിരിഗളിതയും സംസ്‌കൃതവാണി കളിന്ദജാമിളിതയുമായ കൈരളി, ദ്രാവിഡത്തറവാട്ടിൽ നിന്നും ഭാഗംപിരിഞ്ഞതിൽപിന്നെ, സ്വപ്രയത്നത്താൽ ജീവരക്ഷണം നിർവ്വഹിക്കേണ്ടിയിരുന്നതുകൊണ്ടു്, ആദ്യകാലങ്ങളിൽ അവൾക്കു വലിയ സമ്പാദ്യമൊന്നും നേടിവെയ്ക്കുന്നതിനു സാധിച്ചില്ല. ആരംഭത്തിൽ അവൾ ശൈശവസഹജമായ നിഷ്കളങ്കതയോടുകൂടി മോഹനഗാനങ്ങൾ പാടി ഉല്ലസിച്ചുകൊണ്ടിരുന്നതേയുള്ളു. എങ്കിലും ഓരോകാലത്തെ ചില കാരണവന്മാർ, അവൾക്ക് വിലോഭനീയങ്ങളായ ഏതാനും ആഭരണങ്ങൾ നിർമ്മിച്ചുകൊടുക്കാതിരുന്നിട്ടില്ല. അവയിൽ ചിലതിൻ്റെ “ഫാഷൻ” പഴയതാണെന്നു ശഠിച്ച് അവളുടെ സന്താനങ്ങളിൽ ചിലർ ഇന്നു് അവജ്ഞ ഭാവിക്കാറുണ്ടെങ്കിലും, ഗുരുഭക്തിയും കുലാംഗനയുമായ അവൾ ആ പഴയനേട്ടങ്ങളെ ഇന്നും പൂജ്യമായിത്തന്നെ കരുതിവരുന്നു. രാമചരിതം, കണ്ണശ്ശ കൃതികൾ, ഉണ്ണുനീലിസന്ദേശം തുടങ്ങിയുള്ള അത്തരം സമ്പാദ്യങ്ങളിൽ അവൾക്കഭിമാനമാണുള്ളത്. എന്നാൽ അവൾ ബാല്യത്തെ അതിക്രമിച്ചകാലത്തു കാലോചിതങ്ങളായ അലങ്കാരങ്ങൾ നിർമ്മിക്കുന്നതിനു് അന്നത്തെ കാരണവന്മാർ അഹമഹമികയാ യത്നിക്കാതെയുമിരുന്നില്ല. ചമ്പുക്കൾ, കിളിപ്പാട്ട്, തുള്ളൽ, ആട്ടക്കഥ, ഗാഥ, വഞ്ചിപ്പാട്ട് മുതലായ ഇനങ്ങളിലായി അവൾക്കു സിദ്ധിച്ചിട്ടുള്ള സമ്പാദ്യങ്ങളേയൊ, അവ നേടിക്കൊടുത്ത അനുഗൃഹീത ചരിതന്മാരേയൊ അവളെങ്ങനെ ആരാധിക്കാതിരിക്കും?