മണിപ്രവാളകാവ്യങ്ങൾ
ഉണ്ണുനീലിസന്ദേശം: ലീലാതിലകകാലത്തിനുമുമ്പെ ഉത്ഭവിച്ചിട്ടുള്ള മണിപ്രവാളകൃതികളിൽ ഏററവും മുഖ്യമായ ഒന്നാണ് ഉണ്ണുനീലിസന്ദേശം എന്ന കാവ്യം. പാട്ടുശാഖയിൽ രാമചരിതം എന്നപോലെ ഇന്നേവരെ നമുക്കു ലഭിച്ചു കഴിഞ്ഞിട്ടുള്ള മണിപ്രവാളകൃതികളിൽ കവിത്വം കൊണ്ടും പ്രാചീനത്വംകൊണ്ടും പ്രസ്തുത കൃതി പ്രഥമസ്ഥാനമർഹിക്കുന്നു. മാത്രവുമല്ല, ദേശചരിത്രം, സമുദായചരിത്രം, ഭാഷാചരിത്രം, സാഹിത്യചരിത്രം തുടങ്ങി ഗവേഷണപ്രിയന്മാരുടെ ശ്രദ്ധയെ സവിശേഷം അർഹിക്കുന്ന പലതും അതു സംഭാവന ചെയ്തുകൊണ്ടിരിക്കയും ചെയ്യുന്നു. പ്രസ്തുത കൃതിയെ മുൻനിറുത്തി അല്പം ചിലതു പ്രസ്താവിക്കുവാനാണു് ഇവിടെ മുതിരുന്നത്.
സന്ദേശകാവ്യസ്വഭാവം: സന്ദേശകാവ്യങ്ങൾക്കെല്ലാം പൂർവ്വവർത്തിയും മാർഗ്ഗദീപവുമായിട്ടുള്ളതു മേഘസന്ദേശമോ രാമായണത്തിലെ ഹനൂമൽസന്ദേശമോ എന്നുള്ള വാദം എങ്ങനെയും കിടന്നുകൊള്ളട്ടെ. ഒരു കാര്യം വ്യക്തമാണു്. മേഘസന്ദേശം മുതൽക്ക് ഇങ്ങോട്ടുള്ള എല്ലാ സന്ദേശകാവ്യങ്ങളിലും ഒരു സാമാന്യ നിയമ വിധേയത കാണാമെന്നുള്ളതാണതു്. നായികാനായകന്മാരുടെ വിരഹാവസ്ഥവഴി വിപ്രലംഭശൃംഗാര രസപ്രകാശനമാണു് ഇത്തരം കാവ്യങ്ങളുടെയെല്ലാം മുഖ്യ ലക്ഷ്യം. അതിൽ കാമിനീകാമുകന്മാരുടെ വിരഹാവസ്ഥയിൽ, കാമുകൻ അഥവാ നായകൻ സന്ദേശഹാരിയെ കണ്ടുപിടിക്കുക, അനന്തരം സന്ദേശഹരന്നു നായികാഗൃഹത്തിൽ എത്തുന്നതുവരെയുള്ള മാർഗ്ഗം നിദ്ദേശിക്കുക, ഇത്രയും പൂർവ്വഭാഗമായും നായികാപുരിവർണ്ണന, ദയിതയുടെ ദയനീയ സ്ഥിതിവർണ്ണന, സന്ദേശ വാക്യം ഇത്രയും ഉത്തര ഭാഗമായും മേഘസന്ദേശകാവ്യകാലം മുതൽ ഇന്നുവരെ ഗതാനുഗതികത്വേന എല്ലാ സന്ദേശ കാവ്യങ്ങളിലും നിബന്ധിച്ചു കാണുന്നുണ്ട്. പ്രസ്തുത സന്ദേശത്തിലും മേൽപ്പറഞ്ഞ നിബന്ധന സ്പഷ്ടമായി കാണാമെന്നുള്ളതു താഴെ വിവരിക്കുന്ന കഥാവസ്തുവിൽ നിന്നുതന്നെ വ്യക്തമാണു്.